നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ലിസാ എം. സമ്രാ

പ്രാർത്ഥനയിൽ ഓർക്കുക

ബ്രിട്ടീഷ് പൗരന്മാർക്കു നൽകുന്ന വാർഷിക സർവീസ് അവാർഡ് ആയ മോണ്ടി മണി ഹോണറീയുടെ 2021 ലെ ജേതാവായി മാൽക്കം ക്ലൗട്ടിനെ തിരഞ്ഞെടുത്തു. എലിസബേത്ത് രാജ്ഞിയാണ് അവാർഡ് നൽകിയത്. അംഗീകാരം ലഭിക്കുമ്പോൾ നൂറു വയസ്സുള്ള ക്ലൗട്ട്, തന്റെ ജീവിതകാലത്ത് ആയിരം ബൈബിളുകൾ വിതരണം ചെയ്തതിനാണ് ആദരിക്കപ്പെട്ടത്. ബൈബിൾ ലഭിച്ച എല്ലാവരുടെയും റെക്കോർഡ് ക്ലൗട്ട് സൂക്ഷിച്ചിട്ടുണ്ട്, അവർക്കായി പതിവായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പുതിയ നിയമത്തിലെ പൗലൊസിന്റെ രചനകളിൽ ഉടനീളം നാം കാണുന്ന തരത്തിലുള്ള സ്‌നേഹത്തിന്റെ ശക്തമായ ഉദാഹരണമാണ് ക്ലൗട്ടിന്റെ പ്രാർത്ഥനയിലുള്ള വിശ്വസ്തത. തന്റെ കത്തുകളുടെ സ്വീകർത്താക്കൾക്ക് വേണ്ടി താൻ പതിവായി പ്രാർത്ഥിക്കുന്നുണ്ടെന്ന് പൗലൊസ് പലപ്പോഴും ഉറപ്പുനൽകിയിരുന്നു. തന്റെ സുഹൃത്തായ ഫിലേമോന് അദ്ദേഹം എഴുതി, “എന്റെ പ്രാർത്ഥനയിൽ നിന്നെ ഔർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്‌തോത്രം ചെയ്യുന്നു” (ഫിലേമോൻ 1:4). തിമൊഥെയൊസിന് എഴുതിയ കത്തിൽ പൗലൊസ് എഴുതി, 'എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിക്കുന്നു' (2 തിമൊഥെയൊസ് 1:3). റോമിലെ സഭയോട്, “ഇടവിടാതെ” “എപ്പോഴും” പ്രാർത്ഥനയിൽ താൻ അവരെ ഓർക്കുന്നുവെന്ന് പൗലൊസ് ഊന്നിപ്പറഞ്ഞു (റോമർ 1:9-10).

മാൽക്കമിനെപ്പോലെ പ്രാർത്ഥിക്കാൻ ആയിരം ആളുകളില്ലെങ്കിലും, നമുക്കറിയാവുന്നവർക്കുവേണ്ടിയുള്ള മനഃപൂർവമായ പ്രാർത്ഥന ശക്തിയുള്ളതാണ്, കാരണം ദൈവം നമ്മുടെ പ്രാർത്ഥനകളോട് പ്രതികരിക്കുന്നു. ഒരു പ്രത്യേക വ്യക്തിക്കു വേണ്ടി പ്രാർത്ഥിക്കാൻ അവന്റെ ആത്മാവിനാൽ പ്രേരിപ്പിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുമ്പോൾ, ഒരു ലളിതമായ പ്രാർത്ഥനാ കലണ്ടർ ഉപയോഗപ്രദമായ ഒരു ഉപകരണമാണെന്ന് ഞാൻ കണ്ടെത്തി. പ്രതിദിന അല്ലെങ്കിൽ പ്രതിവാര കലണ്ടറായി പേരുകൾ വിഭജിക്കുന്നത് പ്രാർത്ഥനയിൽ വിശ്വസ്തയായിരിക്കാൻ എന്നെ സഹായിക്കുന്നു. പ്രാർത്ഥനയിൽ മറ്റുള്ളവരെ ഓർക്കുന്നത് സ്‌നേഹത്തിന്റെ എത്ര മനോഹരമായ പ്രകടനമാണ്.

പ്രതിദിനം ശക്തീകരിക്കപ്പെടുക

ഭക്ഷണം തയ്യാറാക്കൽ അല്ലെങ്കിൽ അലക്കൽ തുടങ്ങിയ സാധാരണ ജോലികൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്കുള്ള പ്രാർത്ഥനകളുടെ മനോഹരമായ സമാഹാരമാണ് എവരി മൊമന്റ് ഹോളി. ആവർത്തന വിരസതയോ മുഷിപ്പനോ ആയി തോന്നുന്നതും എന്നാൽ ആവശ്യവുമായ ജോലികൾ. “ഭക്ഷണത്തിന് മുമ്പ് നിങ്ങൾ പ്രാർത്ഥിക്കുന്നു, ശരി തന്നേ. എന്നാൽ വരയ്ക്കുന്നതിനും പെയിന്റു ചെയ്യുന്നതിനും നീന്തുന്നതിനും വേലികെട്ടുന്നതിനും ബോക്‌സിംഗിനും നടക്കുന്നതിനും കളിക്കുന്നതിനും നൃത്തം ചെയ്യുന്നതിനും പേനയിൽ മഷി നിറയ്ക്കുന്നതിനും മുമ്പെ ഞാൻ പ്രാർത്ഥിക്കുന്നു” എന്ന് എഴുതിയ ഗ്രന്ഥകാരൻ ജി. കെ. ചെസ്റ്റർട്ടന്റെ വാക്കുകൾ ഈ പുസ്തകം എന്നെ ഓർമ്മിപ്പിച്ചു.  

അത്തരം പ്രോത്സാഹനം എന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ പുനഃക്രമീകരിക്കുന്നു. ചില സമയങ്ങളിൽ എന്റെ പ്രവർത്തനങ്ങളെ - ഭക്ഷണത്തിനു മുമ്പുള്ള ദൈവവചനം ധ്യാനം പോലെയുള്ളവ - ആത്മീയ മൂല്യമുള്ളവയെന്നും, ആത്മീയ മൂല്യം ഇല്ലാത്തവയെന്നും - ഭക്ഷണത്തി

നു ശേഷമുള്ള പാത്രം കഴുകൽ തുടങ്ങിയവ - വിഭജിക്കാനുള്ള പ്രേരണ എനിക്കുണ്ടാകാറുണ്ട്. യേശുവിനു വേണ്ടി ജീവിക്കുന്നതു തിരഞ്ഞെടുത്ത കൊലൊസ്യയിലെ ജനങ്ങൾക്കുള്ള ഒരു കത്തിൽ പൗലൊസ് ആ വിഭജനം ഇല്ലാതാക്കി. അവൻ അവരെ ഇപ്രകാരം പ്രോത്സാഹിപ്പിച്ചു: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുവിൻ” (3:17). യേശുവിന്റെ നാമത്തിൽ കാര്യങ്ങൾ ചെയ്യുക എന്നതിനർത്ഥം നാം ചെയ്യുന്നതിലൂടെ അവനെ ബഹുമാനിക്കുകയും അവ നിറവേറ്റാൻ അവന്റെ ആത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു എന്ന ഉറപ്പ് ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണ്.

“എന്തു ചെയ്താലും.” നമ്മുടെ ജീവിതത്തിലെ എല്ലാ സാധാരണ പ്രവർത്തനങ്ങളും, ഓരോ നിമിഷവും, ദൈവാത്മാവിന്റെ ശക്തിയിലും യേശുവിനെ മഹത്വപ്പെടുത്തുന്ന വിധത്തിലും ചെയ്യാൻ കഴിയും.

ഊർജ്ജ സ്രോതസ്സുമായി ബന്ധപ്പെട്ടിരിക്കുക

ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് ഞങ്ങളുടെ വീട്ടിൽ വൈദ്യുതി പോയി. (ഞങ്ങളുടെ നാട്ടിൽ ഇതു പതിവാണ്). മുറിയിൽ കയറിയപ്പോൾ ഞാൻ സാധാരണ ചെയ്യുന്നതുപോലെ സ്വിച്ചിട്ടു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഞാൻ അപ്പോഴും ഇരുട്ടിൽ തന്നെയായിരുന്നു.

ആ അനുഭവം-വൈദ്യുത സ്രോതസ്സുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞിട്ടും വെളിച്ചം പ്രതീക്ഷിച്ചത് - ഒരു ആത്മീയ സത്യത്തെ സ്പഷ്ടമായി ഓർമ്മിപ്പിച്ചു. ആത്മാവിൽ ആശ്രയിക്കുന്നതിൽ പരാജയപ്പെടുമ്പോൾ പോലും നാം പലപ്പോഴും ശക്തി പ്രതീക്ഷിക്കുന്നു.

1 തെസ്സലൊനിക്യർ-ൽ, “സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ” (1:5) അവരിലെത്താൻ ദൈവം ഇടയാക്കിയ വിധത്തെക്കുറിച്ച് പൗലൊസ് എഴുതി. നാം ദൈവത്തിന്റെ പാപക്ഷമ സ്വീകരിക്കുമ്പോൾ, വിശ്വാസികൾക്ക് തങ്ങളുടെ ജീവിതത്തിലുള്ള അവന്റെ ആത്മാവിന്റെ ശക്തിയിലേക്ക് ഉടനടി പ്രവേശനം ലഭിക്കും. ആ ശക്തി നമ്മിൽ സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ തുടങ്ങിയ സ്വഭാവസവിശേഷതകൾ നട്ടുവളർത്തുന്നു (ഗലാത്യർ 5:22-23), പഠിപ്പിക്കൽ, സഹായിക്കൽ, മാർഗ്ഗദർശനം എന്നിവയുൾപ്പെടെ സഭയെ സേവിക്കുന്നതിനുള്ള വരങ്ങൾ നൽകിക്കൊണ്ട് അവൻ നമ്മെ ശക്തിപ്പെടുത്തുന്നു (1 കൊരിന്ത്യർ 12:28).

“ആത്മാവിനെ കെടുക്കാൻ” കഴിയുമെന്ന് പൗലൊസ് തന്റെ വായനക്കാർക്ക് മുന്നറിയിപ്പ് നൽകി (1 തെസ്സലൊനീക്യർ 5:19). ദൈവത്തിന്റെ സാന്നിധ്യത്തെ അവഗണിക്കുകയോ അവൻ വരുത്തുന്ന ബോധ്യങ്ങളെ നിരസിക്കുകയോ ചെയ്തുകൊണ്ട് നമുക്ക് ആത്മാവിന്റെ ശക്തിയെ നിയന്ത്രിക്കാൻ കഴിയും (യോഹന്നാൻ 16:8). എന്നാൽ അവനുമായി ബന്ധം വേർപെടുത്തി നാം ജീവിക്കേണ്ട കാര്യമില്ല. ദൈവത്തിന്റെ ശക്തി അവന്റെ മക്കൾക്ക് എപ്പോഴും ലഭ്യമാണ്.

ദൈവത്തിന്റെ സർവ്വ ശക്തി

വടക്കേ അമേരിക്കയിലെ ശക്തമായ മിസ്സിസിപ്പി നദിയുടെ ഒഴുക്കിനെ ചുഴലിക്കാറ്റ് ഗതിമാറ്റിയപ്പോൾ അസാധ്യമെന്നു തോന്നുന്ന കാര്യം സംഭവിച്ചു. 2021 ഓഗസ്റ്റിൽ, ഐഡ ചുഴലിക്കാറ്റ് ലൂസിയാന തീരത്ത് എത്തി, അതിശയിപ്പിക്കുന്ന ഫലം 'നെഗറ്റീവ് ഫ്‌ളോ' ആയിരുന്നു, അതായത് വെള്ളം യഥാർത്ഥത്തിൽ മണിക്കൂറുകളോളം മുകളിലേക്ക് ഒഴുകി.

ഒരു ചുഴലിക്കാറ്റിന് അതിന്റെ ജീവിതചക്രത്തിൽ പതിനായിരം ന്യൂക്ലിയർബോംബുകൾക്ക് തുല്യമായ ഊർജ്ജം ചെലവഴിക്കാൻ കഴിയുമെന്ന് വിദഗ്ധർ കണക്കാക്കുന്നു! ഒഴുകുന്ന വെള്ളത്തിന്റെ ഗതി മാറ്റുന്നതിനുള്ള അത്തരം അവിശ്വസനീയമായ ശക്തി, പുറപ്പാടിൽ രേഖപ്പെടുത്തിയിരിക്കുന്ന കൂടുതൽ പ്രാധാന്യമുള്ള “നെഗറ്റീവ് ഫ്‌ളോ” യോടുള്ള യിസ്രായേല്യരുടെ പ്രതികരണം മനസ്സിലാക്കാൻ എന്നെ സഹായിക്കുന്നു.

നൂറ്റാണ്ടുകളായി തങ്ങളെ അടിമകളാക്കിയ ഈജിപ്തുകാരിൽ നിന്ന് പലായനം ചെയ്യുമ്പോൾ, യിസ്രായേല്യർ ചെങ്കടലിന്റെ അരികിലെത്തി. അവരുടെ മുന്നിൽ വിശാലമായ ജലാശയവും പിന്നിൽ ആയുധധാരികളായ ഈജിപ്ഷ്യൻ സൈന്യവും ഉണ്ടായിരുന്നു. അസാധ്യമെന്നു തോന്നുന്ന ആ സാഹചര്യത്തിൽ, 'യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; ...യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി'' (പുറപ്പാട് 14:21-22). അവിശ്വസനീയമായ ശക്തിപ്രകടനത്തിലൂടെ രക്ഷനേടിയ, “ജനം ഹോവയെ ഭയപ്പെട്ടു” (വാ. 31).

ദൈവത്തിന്റെ ശക്തിയുടെ അപാരത അനുഭവിച്ചറിയുമ്പോൾ ഭയത്തോടെ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ അത് അവിടെ അവസാനിച്ചില്ല; യിസ്രായേല്യർ അവനിൽ “വിശ്വസിച്ചു” (വാ. 31).

സൃഷ്ടിയിൽ ദൈവത്തിന്റെ ശക്തി അനുഭവിക്കുമ്പോൾ, നമുക്കും അവന്റെ ശക്തിയുടെ മുമ്പിൽ ഭയഭക്തിയോടെ നിൽക്കാനും അവനിൽ ആശ്രയിക്കാനും കഴിയും.

സ്വാതന്ത്ര്യത്തിൽ ജീവിക്കുക

ഞാൻ ജനിച്ചുവളർന്ന, അമേരിക്കയിലെ ടെക്‌സാസിൽ എല്ലാ ജൂൺ 19 നും കറുത്തവർഗ്ഗക്കാരുടെ ഉത്സവ പരേഡുകളും പിക്‌നിക്കുകളും ഉണ്ടായിരുന്നു. കൗമാരപ്രായത്തിലെത്തിയ ശേഷമാണ് ഞാൻ ജൂൺറ്റീന്തിന്റെ ('ജൂൺ,''നൈന്റ്‌റീന്ത്്' എന്നീ വാക്കുകളുടെ സംയുക്തം) ഹൃദയഭേദകമായ പ്രാധാന്യം മനസ്സിലാക്കിയത്. അമേരിക്കയിലെ അടിമകളായ ആളുകൾക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ട് രണ്ടര വർഷം മുമ്പ് പ്രസിഡന്റ് എബ്രഹാം ലിങ്കൺ വിമോചന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതായി1865 ൽ ടെക്‌സാസിലെ ആളുകൾ അറിഞ്ഞ ദിവസമാണത്. ആ രണ്ടര വർഷവും ടെക്‌സാസിലെ അടിമകളായ ആളുകൾ അടിമത്തത്തിൽ ജീവിച്ചു, കാരണം അവർ മോചിപ്പിക്കപ്പെട്ടുവെന്ന് അവർക്കറിയില്ലായിരുന്നു.

സ്വതന്ത്രരാകാനും അടിമകളായി ജീവിക്കാനും സാധിക്കും. ഗലാത്യലേഖനത്തിൽ, പൗലൊസ് മറ്റൊരു തരത്തിലുള്ള അടിമത്തത്തെക്കുറിച്ച് എഴുതി: മതനിയമങ്ങളുടെ കർക്കശമായ ആവശ്യങ്ങൾക്ക് കീഴിലുള്ള ജീവിതം. ഈ സുപ്രധാന വാക്യത്തിൽ, പൗലൊസ് തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചു, “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു” (ഗലാത്യർ 5:1). എന്തു ഭക്ഷിക്കണം, ആരുമായി സൗഹൃദം പുലർത്തണം എന്നതുൾപ്പെടെയുള്ള ബാഹ്യ നിയന്ത്രണങ്ങളിൽ നിന്ന് യേശുവിലുള്ള വിശ്വാസികൾ സ്വതന്ത്രരായിരുന്നു. എന്നിരുന്നാലും, പലരും ഇപ്പോഴും അടിമകളെപ്പോലെ ജീവിച്ചു.

നിർഭാഗ്യവശാൽ, ഇന്ന് നമുക്ക് അതേ കാര്യം ചെയ്യാൻ കഴിയും. എന്നാൽ നാം അവനിൽ ആശ്രയിച്ച നിമിഷം തന്നെ മനുഷ്യനിർമ്മിത മതപരമായ മാനദണ്ഡങ്ങളെ ഭയന്ന് ജീവിക്കുന്നതിൽ നിന്ന് യേശു നമ്മെ സ്വതന്ത്രരാക്കി എന്നതാണ് യാഥാർത്ഥ്യം. യേശു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു. അവന്റെ ശക്തിയിൽ നമുക്ക് ജീവിക്കാം.

കഷണങ്ങളെ ചേർത്തുവയ്ക്കുക

ആഗോള മഹാമാരിയുടെ സമയത്ത് ഞങ്ങളുടെ കുടുംബം ക്വാറന്റൈനിൽ കഴിയുമ്പോൾ, ഞങ്ങൾ ഒരു അഭിലാഷ പദ്ധതി ഏറ്റെടുത്തു-പതിനെണ്ണായിരം കഷണങ്ങളുള്ള ഒരു വിഷമപ്രശ്‌നം! മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ അതിൽ പ്രവർത്തിച്ചെങ്കിലും, ഞങ്ങൾ കാര്യമായ പുരോഗതി കൈവരിക്കുന്നില്ലെന്ന് പലപ്പോഴും ഞങ്ങൾക്ക് തോന്നി. ഞങ്ങൾ ആരംഭിച്ച് അഞ്ച് മാസത്തിനു ശേഷം, ഞങ്ങളുടെ ഡൈനിംഗ് റൂമിന്റെ തറയിൽ ഒമ്പത് x ആറ് അടി വലിപ്പമുള്ള ചിത്രത്തിന്റെ അവസാന ഭാഗം ചേർത്തത് ഞങ്ങൾ ആഘോഷിച്ചു.

ചിലപ്പോൾ എന്റെ ജീവിതം ഒരു ഭീമാകാരമായ പ്രഹേളിക പോലെ തോന്നും-പല കഷണങ്ങൾ സ്ഥലത്തുണ്ട്, പക്ഷേ കുറേയധികം കാര്യങ്ങൾ ഇപ്പോഴും തറയിൽ കുന്നുകൂടി കിടക്കുന്നു. എന്നെ കൂടുതൽ കൂടുതൽ യേശുവിനെപ്പോലെ ആക്കി മാറ്റാൻ ദൈവം പ്രവർത്തിക്കുകയാണെന്ന് എനിക്കറിയാം, ചിലപ്പോൾ പുരോഗതി കാണുന്നത് തന്നെ ബുദ്ധിമുട്ടായിരിക്കും.

ഫിലിപ്പിയർ ചെയ്യുന്ന നല്ല പ്രവൃത്തികൾ നിമിത്തം സന്തോഷത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പൗലൊസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ പറഞ്ഞപ്പോൾ അവൻ നൽകിയ പ്രോത്സാഹനത്തിൽ ഞാൻ വളരെയധികം ആശ്വസം പ്രാപിച്ചു (1:3-4). എന്നാൽ അവന്റെ വിശ്വാസം അവരുടെ കഴിവുകളിലല്ല, മറിച്ച് ദൈവത്തിലാണ്: അവരിൽ ''നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ . . . അതിനെ തികെക്കും” (വാ. 6).

നമ്മിൽ തന്റെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഒരു പ്രഹേളിക പോലെ, ഇപ്പോഴും നമ്മുടെ ശ്രദ്ധ ആവശ്യമുള്ള കഷണങ്ങൾ ഉണ്ടായേക്കാം, കൂടാതെ നമ്മൾ വളരെയധികം പുരോഗതി കൈവരിക്കാത്ത സമയങ്ങളുമുണ്ട്. എന്നാൽ നമ്മുടെ വിശ്വസ്തനായ ദൈവം ഇപ്പോഴും കഷണങ്ങൾ ഒന്നിച്ചു ചേർക്കുന്നുവെന്ന് നമുക്ക് ഉറപ്പായി വിശ്വസിക്കാൻ കഴിയും.

സ്‌നേഹനിർഭരമായ നേതൃത്വം

തിരക്കേറിയ ഒരു തെരുവിലൂടെ തന്റെ ഊർജ്ജസ്വലരായ നാല് കുഞ്ഞുങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന അമ്മക്കരടിയുടെ ഒരു വൈറൽ വീഡിയോ എന്റെ മുഖത്ത് പുഞ്ചിരി പടർത്തി. അതെനിക്കു പരിചിതമായ അനുഭവമായിരു്‌നു. അവൾ തന്റെ കുഞ്ഞുങ്ങളെ ഒന്നൊന്നായി എടുത്ത് റോഡിന് കുറുകെ എത്തിക്കുന്നത് കാണുന്നത് വളരെ ആഹ്ലാദകരമായിരുന്നു-കുട്ടികൾ വീണ്ടും മറുവശത്തേക്ക് ഓടിക്കൊണ്ടിരുന്നു. നിരാശാജനകമെന്ന് തോന്നുന്ന നിരവധി ശ്രമങ്ങൾക്ക് ശേഷം, മാമാ കരടി ഒടുവിൽ അവളുടെ നാല് കുഞ്ഞുങ്ങളെയും ഒരുമിച്ചുകൂട്ടി അവയെ സുരക്ഷിതമായി റോഡിന് അപ്പുറം എത്തിച്ചു.

വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്ന രക്ഷാകർത്തൃത്വത്തിന്റെ അക്ഷീണമായ ജോലി, തെസ്സലൊനീക്യ സഭയിലെ ആളുകളോടുള്ള തന്റെ കരുതലിനെ വിവരിക്കാൻ പൗലൊസ് ഉപയോഗിച്ച ചിത്രങ്ങളുമായി പൊരുത്തപ്പെടുന്നു. തന്റെ അധികാരത്തെ ഊന്നിപ്പറയുന്നതിനുപകരം, അപ്പൊസ്തലൻ അവരുടെ ഇടയിലെ തന്റെ ജോലിയെ കൊച്ചുകുട്ടികളെ പരിപാലിക്കുന്ന അമ്മയോടും പിതാവിനോടും താരതമ്യം ചെയ്തു (1 തെസ്സലൊനീക്യർ 2:7, 11). തെസ്സലൊനീക്യരോടുള്ള അഗാധമായ സ്‌നേഹമാണ് (വാ. 8) 'ദൈവത്തിന് യോഗ്യമായ ജീവിതം നയിക്കാൻ' അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമുള്ള പൗലൊസിന്റെ തുടർച്ചയായ ശ്രമങ്ങളെ പ്രേരിപ്പിച്ചത് (വാ. 12). അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർ ദൈവത്തെ ബഹുമാനിക്കുന്നത് കാണാനുള്ള അവന്റെ സ്‌നേഹപൂർവമായ ആഗ്രഹത്തിൽ നിന്നാണ് ദൈവിക ജീവിതത്തിലേക്കുള്ള ഈ വികാരാധീനമായ ആഹ്വാനം ഉണ്ടായത്.

നമ്മുടെ എല്ലാ നേതൃത്വ അവസരങ്ങളിലും-പ്രത്യേകിച്ചും ഉത്തരവാദിത്തങ്ങൾ നമ്മെ തളർത്തുമ്പോൾ, പൗലൊസിന്റെ മാതൃക നമുക്ക് ഒരു വഴികാട്ടിയായി വർത്തിക്കും. ദൈവാത്മാവിനാൽ ശാക്തീകരിക്കപ്പെട്ടതിനാൽ, നമ്മുടെ സംരക്ഷണത്തിൻ കീഴിലുള്ളവരെ യേശുവിങ്കലേക്ക് ഉത്സാഹിപ്പിക്കുകയും നയിക്കുകയും ചെയ്തുകൊണ്ട് നമുക്ക് സൗമ്യമായും സ്ഥിരതയോടെയും അവരെ സ്‌നേഹിക്കാൻ കഴിയും.

ചുവപ്പു തുള്ളികൾ

സ്‌കോട്ടീഷ് നാഷമൽ ഗാലറിയിലൂടെ നടക്കവേ, ഡച്ച് ആർട്ടിസ്റ്റ് വിൻസെന്റ് വാൻഗോഗിന്റെ ഒലീവ് ട്രീ പെയിന്റിംഗുകളിൽ ഒന്നിന്റെ ശക്തമായ ബ്രഷ് വർക്കുകളും ചടുലമായ നിറങ്ങളും എന്നെ ആകർഷിച്ചു. ഒലീവ് മലയിലെ ഗെത്സമനെ തോട്ടത്തിൽവെച്ച് യേശുവിനുണ്ടായ അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഈ ചിത്രം രചിച്ചതെന്നാണ് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. പെയിന്റിംഗിന്റെ ക്യാൻവാസിൽ പ്രത്യേകിച്ച് എന്റെ ശ്രദ്ധ ആകർഷിച്ചത് പുരാതന ഒലിവ് മരങ്ങൾക്കിടയിലുള്ള ചെറിയ ചുവന്ന നിറത്തിലുള്ള ചായങ്ങളാണ്.

മലഞ്ചലിവിൽ വളരുന്ന ഒലിവു മരങ്ങൾ കാരണമാണ് മലയ്ക്ക് ഒലിവ് മല എന്ന പേരുണ്ടായത്. തന്റെ ശിഷ്യനായ യൂദാ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പ്രവചിച്ച ആ രാത്രിയിൽ യേശു പ്രാർത്ഥിക്കാൻ അവിടേയ്ക്കു പോയി. വിശ്വാസവഞ്ചന തന്റെ ക്രൂശീകരണത്തിൽ കലാശിക്കുമെന്നറിഞ്ഞപ്പോൾ യേശു വ്യസനിച്ചു. അവൻ പ്രാർത്ഥിച്ചപ്പോൾ, "അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി’' (ലൂക്കൊസ് 22:44). വളരെക്കാലം മുമ്പുള്ള ആ ദുഃഖവെള്ളിയാഴ്ചയിൽ, ശാരീരികമായി രക്തം ചൊരിയുന്ന ഒരു പരസ്യമായ വധശിക്ഷയുടെ വേദനയ്ക്കും അപമാനത്തിനും തയ്യാറെടുക്കുമ്പോൾ യേശുവിന്റെ വേദന തോട്ടത്തിൽ പ്രകടമായിരുന്നു.

വാൻഗോഗിന്റെ പെയിന്റിംഗിലെ ചുവന്ന പെയിന്റ്, യേശുവിന് "പലതും സഹിക്കേണ്ടിവന്നു’' (മർക്കൊസ് 8:31) എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. കഷ്ടപ്പാടുകൾ അവന്റെ കഥയുടെ ഭാഗമാണെങ്കിലും, അത് മേലിൽ ചിത്രത്തിൽ ആധിപത്യം സ്ഥാപിക്കുന്നില്ല. മരണത്തിന്മേലുള്ള യേശുവിന്റെ വിജയം നമ്മുടെ കഷ്ടപ്പാടുകളെപ്പോലും രൂപാന്തരപ്പെടുത്തുന്നതിനാൽ, അത് അവൻ സൃഷ്ടിക്കുന്ന നമ്മുടെ ജീവിതത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ ഒരു ഭാഗം മാത്രമായി മാറുന്നു.

വിശ്വാസത്തിന്റെ പൈതൃകം

2019 ൽ, അമേരിക്കയിലെ യേശുവിലുള്ള വിശ്വാസികളുടെ ആത്മീയ പൈതൃകം പര്യവേക്ഷണം ചെയ്യുന്ന ഒരു ഗവേഷണത്തിൽ, അമ്മമാർക്കും മുത്തശ്ശിമാർക്കും ആത്മീയ വികാസത്തിൽ കാര്യമായ സ്വാധീനമുണ്ടെന്ന് കണ്ടെത്തി. വിശ്വാസത്തിന്റെ പൈതൃകം അവകാശപ്പെടുന്ന ഏകദേശം മൂന്നിൽ രണ്ട് ആളുകളും അവരുടെ അമ്മയെയാണ് അതിനു കാരണമായി എടുത്തു പറഞ്ഞത്. മൂന്നിലൊന്ന് പേർ മുത്തശ്ശിയാണ് പ്രധാന പങ്ക് വഹിച്ചതെന്നു സമ്മതിച്ചു.

റിപ്പോർട്ടിന്റെ എഡിറ്റർ ഇങ്ങനെ അഭിപ്രായപ്പെട്ടു, “ആത്മീയ വികാസത്തിൽ, അമ്മമാരുടെ ശാശ്വതമായ സ്വാധീനത്തെക്കുറിച്ച് ഈ പഠനം പിന്നെയും പിന്നെയും സംസാരിക്കുന്നു. . . .’’ തിരുവെഴുത്തുകളിലും നാം കണ്ടെത്തുന്ന ഒരു സ്വാധീനമാണിത്.

പൗലൊസ് തന്റെ ശിഷ്യനായ തിമൊഥയൊസിന് എഴുതിയ കത്തിൽ, തിമൊഥയൊസിന്റെ വിശ്വാസം തന്റെ മുത്തശ്ശി ലോവിസിന്റെയും അമ്മ യൂനീക്കയുടെയും (2 തിമൊഥെയൊസ് 1:5) മാതൃകപ്രകാരമായിരുന്നുവെന്ന് അദ്ദേഹം അംഗീകരിച്ചു. ആദിമ സഭയിലെ നേതാക്കളിലൊരാളിൽ രണ്ട് സ്ത്രീകളുടെ സ്വാധീനം എടുത്തുകാണിക്കുന്ന കൗതുകകരമായ ഒരു വ്യക്തിഗത വിശദാംശമാണിത്. തിമൊഥെയൊസിനുള്ള പൗലൊസിന്റെ പ്രോത്സാഹനത്തിലും അവരുടെ സ്വാധീനം കാണാൻ കഴിയും: “തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക’’ (3:14-15).

ശക്തമായ ആത്മീയ പൈതൃകം വിലപ്പെട്ട ഒരു സമ്മാനമാണ്. പക്ഷേ, നമ്മുടെ വളർച്ചയിൽ തിമൊഥയൊസിന്റെ വിശ്വാസത്തെ രൂപപ്പെടുത്താൻ സഹായിച്ച തരത്തിലുള്ള സാധകാത്മക സ്വാധീനങ്ങൾ ഇല്ലെങ്കിൽപ്പോലും, നമ്മുടെ ആത്മീയ വളർച്ചയെ രൂപപ്പെടുത്തുന്നതിൽ അഗാധമായ സ്വാധീനം ചെലുത്തിയ മറ്റുള്ളവർ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കും. ഏറ്റവും പ്രധാനമായി, നമുക്ക് ചുറ്റുമുള്ളവർക്ക് ആത്മാർത്ഥമായ വിശ്വാസത്തിന്റെ മാതൃക കാണിക്കാനും ശാശ്വതമായ ഒരു പാരമ്പര്യം നൽകാനും നമുക്കെല്ലാവർക്കും അവസരമുണ്ട്.

ക്രിസ്തുമസ് വെളിച്ചം

എന്റെ കണ്ണുകൾക്ക്, ക്രിസ്മസ് ട്രീ തീയിൽ ജ്വലിക്കുന്നതായി തോന്നി! കൃത്രിമ വിളക്കുകൾ കൊണ്ടല്ല, യഥാർത്ഥ തീ കൊണ്ട്. ഞങ്ങളെ ഒരു സുഹൃത്തിന്റെ “പഴയ ജർമ്മൻ രീതി’’യിലുള്ള ക്രിസ്തുമസ് ആഘോഷത്തിലേക്കു ക്ഷണിച്ചു. രുചികരമായ പരമ്പരാഗത മധുരപലഹാരങ്ങളും കത്തിച്ചുവെച്ച യഥാർത്ഥ മെഴുകുതിരികളുള്ള ഒരു മരവും ഉൾക്കൊള്ളുന്ന ഒരു ആഘോഷമായിരുന്നു അത്. (സുരക്ഷയ്ക്കായി, പുതുതായി മുറിച്ചെടുത്ത മരം ഒരു രാത്രി മാത്രമാണ് കത്തിക്കുന്നത്.)

മരം കത്തുന്നത് കണ്ടപ്പോൾ, കത്തുന്ന മുൾപടർപ്പിൽ മോശെ ദൈവവുമായി കണ്ടുമുട്ടിയതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. മരുഭൂമിയിൽ ആടുകളെ മേയ്ക്കുമ്പോൾ, തീകത്തിയിട്ടും ദഹിപ്പിക്കപ്പെടാത്ത ഒരു ജ്വലിക്കുന്ന മുൾപടർപ്പു മോശയെ അത്ഭുതപ്പെടുത്തി. അതെന്താണെന്നു നോക്കുന്നതിനായി അവൻ മുൾപ്പടർപ്പിനടുത്തെത്തിയപ്പോൾ ദൈവം അവനെ വിളിച്ചു. കത്തുന്ന മുൾപടർപ്പിൽ നിന്നുള്ള സന്ദേശം ന്യായവിധിയുടേതല്ല, യിസ്രായേൽ ജനതയുടെ രക്ഷയുടെ സന്ദേശമായിരുന്നു. ഈജിപ്തിൽ അടിമകളായിരുന്ന തന്റെ ജനത്തിന്റെ കഷ്ടതയും ദുരിതവും ദൈവം കണ്ടിരുന്നു, “അവരെ രക്ഷിക്കാൻ ഇറങ്ങിവന്നിരിക്കുന്നു’’ (പുറപ്പാട് 3:8).

ദൈവം യിസ്രായേല്യരെ ഈജിപ്തുകാരിൽ നിന്ന് രക്ഷിച്ചച്ചെങ്കിലും, എല്ലാ മനുഷ്യരാശിക്കും അപ്പോഴും രക്ഷ ആവശ്യമായിരുന്നു - ശാരീരിക ക്ലേശങ്ങളിൽ നിന്നു മാത്രമല്ല, തിന്മയും മരണവും നമ്മുടെ ലോകത്തിലേക്കു കൊണ്ടുവന്ന പ്രത്യാഘാതങ്ങളിൽ നിന്നും. നൂറുകണക്കിന് വർഷങ്ങൾക്കു ശേഷം, ദൈവം വെളിച്ചത്തെ, തന്റെ പുത്രനായ യേശുവിനെ, “ലോകത്തെ വിധിക്കാനല്ല, ലോകം അവനാൽ രക്ഷിക്കപ്പെടുവാനായി’’ (യോഹന്നാൻ 3:17) അയച്ചുകൊണ്ട്  (യോഹന്നാൻ പ്രതികരിച്ചു (1:9-10).